ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ആംആദ്മി പാർട്ടി. ഭരണഘടനയെ സംരക്ഷിക്കാനുള്ള കോൺഗ്രസിന്റെ ദൗത്യത്തേക്കാൾ അനിവാര്യം രാഹുൽ ഗാന്ധിയെ മൂന്നാം തവണയും കോൺഗ്രസ് നേതാവായി ചൂണ്ടിക്കാട്ടാതിരിക്കുക എന്നതാണെന്ന് ആം ആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കർ വ്യക്തമാക്കി. രാജ്യത്തെ രക്ഷിക്കണമെന്നുണ്ടെങ്കിൽ, കോൺഗ്രസ് ആദ്യം ചെയ്യേണ്ടത് രാഹുൽ ഗാന്ധിയെ മൂന്നാം തവണയും മുന്നിൽ നിർത്തില്ലെന്നും അതിനായി പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കില്ലെന്നുമുള്ള പ്രഖ്യാപനം നടത്തുക എന്നതാണെന്ന് പ്രിയങ്ക കക്കർ ട്വിറ്ററിൽ കുറിച്ചു.
ഭരണഘടനയെ സംരക്ഷിക്കുക എന്ന ദൗത്യത്തേക്കാൾ ഏറ്റവും നിർണായകമാണ് ഇതെന്നും പ്രിയങ്ക കക്കർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാർട്ടി നിരയിലെ വിള്ളലിന് പിന്നാലെയാണ് എഎപിയുടെ പ്രതികരണം. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിന്റെ പിന്തുണ ലിഭിക്കാത്തിടത്തോളം പ്രതിപക്ഷ പാർട്ടികളുമായി ഒന്നിച്ച് പോകാൻ സാധിക്കില്ലെന്ന് നേരത്തെ എഎപി പറഞ്ഞിരുന്നു.

