കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും; എം വി ഗോവിന്ദൻ

ന്യൂഡൽഹി: കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോൺസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന് സംരക്ഷണവും പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസാരിച്ച തനിക്കെതിരെ കേസുമാണ് കോൺഗ്രസ് നയമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനമെന്ന് നേരത്തെ കെ സുധാകരൻ അറിയിച്ചിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് രാജി സംബന്ധിച്ച തീരുമാനം മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.