ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നു. സൈന്യത്തെ ജനക്കൂട്ടം തടയുന്ന കാഴ്ച്ചയാണ് മണിപ്പൂരിൽ നിന്നും പുറത്തു വന്നത്. സൈന്യത്തെ തടഞ്ഞ് ജനക്കൂട്ടം 12 പേരെ മോചിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിടിയിലായ കാങ്യെയ് യവോൾ കന്ന ലപ് (കെവൈകെഎൽ) സായുധ ഗ്രൂപ്പ് അംഗങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 1200ൽ അധികം വരുന്ന മെയ്തെയ് വിഭാഗക്കാരാണ് സൈന്യത്തെ തടഞ്ഞത്. ഒരു ദിവസത്തോളം ഇരുകൂട്ടരും മുഖാമുഖം നിന്നതോടെ പിടിയിലായവരെ വിട്ടുകൊടുക്കാൻ സൈന്യം നിർബന്ധിതരാകുകയായിരുന്നു.
ജനക്കൂട്ടം തടയുന്നതിന്റെ വിഡിയോ കരസേന പുറത്തുവിട്ടിട്ടുണ്ട്. സൈന്യത്തെ വളഞ്ഞവരിൽ 1500ൽപരം ജനങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഈ സംഘത്തെ നയിച്ചത് വനിതകളാണ്. ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത ലഫ്. കേണൽ മൊയ്റംഗ്തം താംബ (ഉത്തം) എന്നയാളെയും സൈന്യം പിടികൂടിയിരുന്നു. ഇയാളെയും സൈന്യത്തിന് വിട്ടുകൊടുക്കേണ്ടിവന്നു.
അതേസമയം, മണിപ്പുർ പൊലീസ് ട്രെയ്നിങ് കോളജിലെ ആയുധ ഡിപ്പോയിൽനിന്ന് ആയുധങ്ങൾ മോഷണം പോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെയും കഴിഞ്ഞ ദിവസം രണ്ടായിരത്തോളം വരുന്ന മെയ്തെയ് വനിതകൾ തടഞ്ഞിരുന്നു. തുടർന്ന് സിബിഐ സംഘം മടങ്ങിപ്പോയി. അയ്യായിരത്തോളം യന്ത്രത്തോക്കുകളാണ് മെയ്തെയ് സംഘടനകൾ കവർന്നതെന്നാണ് വിവരം.

