അബ്ദുൾ നാസർ മഅദനി കേരളത്തിലേയ്ക്ക് എത്തുന്നു; പിതാവിനെ സന്ദർശിക്കും

ബംഗളുരു: നീണ്ടകാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേയ്ക്ക് എത്തുന്നു. തിങ്കളാഴ്ച്ചയാണ് മഅദനി കേരളത്തിലെത്തുന്നത്. വിമാനമാർഗമാണ് മഅദനി കൊച്ചിയിലെത്തുന്നത്.

ആരോഗ്യസ്ഥിതി മോശമായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കും വേണ്ടിയാണ് മഅദനി കേരളത്തിലേക്ക് വരുന്നത്. ബംഗളുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅദനി ബംഗളൂരുവിൽ കഴിയുന്നത്.

കേരളത്തിലേയ്ക്ക് പോകാൻ ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബംഗളുരു പൊലീസിന്റെ എതിർപ്പിനെ മറികടന്ന് കേരള യാത്രയ്ക്ക് സുപ്രീം കോടതി അനുമതി നൽകുകയും ചെയ്തു. എന്നാൽ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും സുരക്ഷാ കാരണങ്ങൾ യാത്രാ ചെലവ് തുടങ്ങിയവ മൂലം മഅദനിയ്ക്ക് കേരളത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് ബംഗളുരു കമ്മീഷണർ ഓഫീസിൽ നിന്ന് മഅദനിയ്ക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചത്. 12 ദിവത്തേയ്ക്കുള്ള അനുമതിയാണ് പൊലീസ് നൽകിയത്. യാത്രയിലുടനീളം ബംഗളുരു പൊലീസും മഅദനിയെ അനുഗമിക്കും.