തിരുവനന്തപുരം: യൂട്യൂബർ തൊപ്പിക്കെതിരെ വിമർശനം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോധവത്കരണത്തിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. ഇതിനായി എല്ലാ നിയമപരമായ മാർഗങ്ങളും സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നിലപാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. പോലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ എത്തിയാണ് കണ്ണപുരം പോലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് തൊപ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

