മുംബൈ: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയതോടെ സഞ്ജു സാംസണ് ലോകകപ്പ് ടീമിലേക്കുള്ള വഴിയാണ് തുറന്നുകിട്ടിയത്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ കഴിഞ്ഞാൽ ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് അനായാസം പ്രവേശിക്കാൻ കഴിയും. ഏഷ്യാ കപ്പ് ടീമിലേക്കും സഞ്ജുവിന് പരിഗണന ലഭിച്ചേക്കുമെന്നാണ് വിവരം.
ഏകദിനത്തിൽ ഇന്ത്യയ്ക്കായി 11 മത്സരങ്ങൾ മാത്രമാണു സഞ്ജു കളിച്ചിട്ടുള്ളത്. രണ്ട് അർധ സെഞ്ചറികളടക്കം 330 റൺസ് ഏകദിന മത്സരങ്ങളിൽ സഞ്ജു നേടിയത്. സഞ്ജു അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത് കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരായ പരമ്പരയിലാണ്. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലാണ് സഞ്ജു ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. 46 റൺസായിരുന്നു ആദ്യ മത്സരരത്തിൽ അദ്ദേഹം നേടിയത്. ഏകദിനത്തിലെ സഞ്ജുവിന്റെ ഉയർന്ന സ്‌കോർ ദക്ഷിണാഫ്രിക്കക്കെതിരെ ലക്‌നൗവിൽ നേടിയ 86 റൺസാണ്.
ട്വന്റി20 യിൽ ഇന്ത്യയ്ക്കായി 17 മത്സരങ്ങളിൽ നിന്ന് 301 റൺസ് സഞ്ജു നേടിയിട്ടുണ്ട്.

