തിരുവനന്തപുരം: യുട്യൂബർ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തിൽ ആശങ്കയുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മുൻകാലങ്ങളിലെ പോലെയല്ല ഇപ്പോൾ കുട്ടികൾക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്നും കാലത്തിന്റെ മാറ്റങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നതെന്നും ആർ ബിന്ദു വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
തൊപ്പി എന്ന പേരിലൊരുത്തൻ കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ വന്നപ്പോൾ കുഞ്ഞുങ്ങൾ ആരാധനയോടെ ഓടിച്ചെന്നു. തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതയ്ക്ക് കുഞ്ഞുങ്ങൾ കയ്യടിച്ചുവെന്ന് അറിഞ്ഞപ്പോൾ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടിയിൽ യൂട്യൂബർ ‘തൊപ്പി’ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘ജലുല സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടമാണ് ഉദ്ഘാടനം സംബന്ധിച്ച് പരാതി സമർപ്പിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സെയ്ഫുദ്ദീൻ പരാതി നൽകിയത്.
ദിവസങ്ങൾക്ക് മുൻപാണ് വളാഞ്ചേരിയിൽ കട ഉദ്ഘാടനം നടന്നത്. പരിപാടിയുടെ വീഡിയോ വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂട്യൂബർ തൊപ്പിയായിരുന്നു പരിപാടിയിലെ മുഖ്യ അതിഥി.

