ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി യുദ്ധവിമാന എൻജിനുകൾ നിർമിക്കാൻ അമേിക്കൻ കമ്പനിയുമായി ധാരണയായി. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ധാരണയായത്. യു.എസിലെ പ്രമുഖ വിമാന എൻജിൻ നിർമാതാക്കളായ ജനറൽ ഇലക്ട്രിക്(ജിഇ)എയ്റോസ്പേസും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായാണ് ധാരണയിലെത്തിയത്. ജി ഇ എയ്റോസ്പേസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജിഇയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ വിമാന എൻജിനുകൾ നിർമിക്കാനാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കരാർ ഊർജം പകരും. ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ സഹകരണം ബലപ്പെടുത്തുന്നതിൽ കരാർ സഹായകമാകുമെന്ന് ജി ഇ എയ്റോസ്പേസ് അറിയിച്ചു.
ജിഇ എയ്റോസ്പേസിന്റെ എഫ് 414 എൻജിനുകളാണ് ഇന്ത്യയ്ക്കായി നിർമിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ പങ്ക് വഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും എഫ് 414 എഞ്ചിനുകൾ സമാനതകൾ അവകാശപ്പെടാനാകാത്താതെണെന്നും ഇരു രാജ്യങ്ങൾക്കും മികച്ച സാമ്പത്തിക, ദേശീയ സുരക്ഷയുറപ്പാക്കുന്നതാണെന്നും ജിഇ വിശദമാക്കി.

