സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി ഫണ്ട് വർദ്ധന; കൈമലർത്തി സംസ്ഥാന സർക്കാർ

കോഴിക്കോട്: സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി ഫണ്ട് വർദ്ധനയിൽ കൈമലർത്തി സംസ്ഥാന സർക്കാർ. തുച്ഛമായ സംഖ്യയാണ് സ്‌കൂളുകൾക്ക് ഉച്ചക്കഞ്ഞി ഫണ്ടിനായി ലഭിക്കുന്നത്. ഈ സംഖ്യ ഒന്നിനും തികയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ 12,200ൽപ്പരം സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 30 ലക്ഷത്തോളം കുട്ടികളുടെ ഉച്ചഭക്ഷണത്തിന് 2016-21ൽ സർക്കാർ അനുവദിച്ച ഫണ്ടാണ് ഇപ്പോഴുമുള്ളത്. ഉച്ചക്കഞ്ഞി ഫണ്ട് വർദ്ധനവ് ആവശ്യപ്പെട്ട് അധ്യാകർ നിരവധി തവണ സർക്കാരിനെ സമീപിച്ചു. വിദ്യാഭ്യാസ മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഉൾപ്പെടെ വിഷയം ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ അനുകൂല സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസു വരെയുള്ള കുട്ടികൾക്കാണ് ഉച്ച ഭക്ഷണം നൽകുന്നത്. സ്‌കൂൾ അദ്ധ്യാപകർ, പി.ടി.എ, പാചകത്തൊഴിലാളി, വിദ്യാർത്ഥി പ്രതിനിധി എന്നിവരടങ്ങുന്ന സമിതിക്കാണ് ഇതിന്റെ ചുമതല. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ പി.ടി.എ, നൂൺമീൽ കമ്മിറ്റികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

പ്രശ്നം പരിഹരാരം ഉണ്ടായില്ലെങ്കിൽ മുട്ടയും പാലും നൽകുന്നത് നിർത്താനാണ് സ്‌കൂളുകൾ പദ്ധതിയിടുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാവാതെ പല സ്‌കൂളുകളും മുട്ട നൽകുന്നത് നിർത്തിയിരിക്കുകയാണ്.