പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിക്കെതിരേയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ഹൈക്കോടതി റദ്ദാക്കി

കണ്ണൂർ: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്കെതിരേയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ഹൈക്കോടതി റദ്ദാക്കി. കെ എം ഷാജിക്കെതിരെ കേസ് എടുത്ത് സ്വത്ത് വകകൾ കണ്ടുകെട്ടിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സിംഗിൾ ബെഞ്ചാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചത്.

കെ എം ഷാജിക്കെതിരെ നേരത്തെ വിജിലൻസ് എടുത്ത കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎൽഎ ആയിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തത്.

പിന്നീട് കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളടക്കം ഇ ഡി കണ്ടുകെട്ടുകയും ചെയ്തു. കെ എം ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡി കണ്ടെത്തിയിരുന്നു.