കൊച്ചി: കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദങ്ങൾ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവർണർ വ്യക്തമാക്കി. യോഗ്യതയില്ലാത്തവർ സർവകലാശാലകളിൽ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടു മാത്രം ഒരാൾക്ക് നിയമനം നൽകുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരം കാര്യങ്ങൾ നടക്കാമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ചെറുതാണ്. സർവകലാശാലകളെ സർക്കാർ അവരുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സർവകലാശാലകൾ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞാൽ, നിങ്ങൾ യുവതലമുറയുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്നാണ് അർത്ഥം. ഇവിടെ ആളുകളെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്. സമ്മർദ്ദ തന്ത്രമുപയോഗിച്ച് മാധ്യമങ്ങളേയും പേടിപ്പിച്ചുനിർത്തിയിരിക്കുകയാണ്. ഭയപ്പെടുത്തി നിർത്തിയിരിക്കുന്ന മാധ്യമങ്ങളെ എവിടെയെങ്കിലും കാണാനുണ്ടെങ്കിൽ അത് കേരളത്തിലാണ്. ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കാൻ മാധ്യമങ്ങൾ തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം സംഭവങ്ങളിൽ താൻ പൂർണ്ണമായും നിസ്സഹായനാവുകയാണ്. ഖേദിക്കാൻ മാത്രമേ തനിക്ക് കഴിയുകയുള്ളൂ. താൻ താത്കാലിക വൈസ് ചാൻസലറെ നിയമിച്ചപ്പോൾ അവർ അദ്ദേഹത്തെ യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ പോലും അനുവദിച്ചില്ല. പോലീസിന്റെ സഹായത്തോടെയാണ് അവർക്ക് ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞത്. ചുമതല ഏറ്റെടുത്തപ്പോൾ അവരുമായി സഹകരിക്കാൻ തയാറായില്ല. അവർക്ക് താക്കോലുകൾ പോലും കൊടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

