പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് എലിപ്പനി മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത(50) യുടെ മരണമാണ് ഏറ്റവുമൊടുവിലായി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുജാത.
കൊടുമണ്ണിൽ വ്യാഴാഴ്ച മരിച്ച മണി(57)യുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി. അടൂർ പെരിങ്ങനാട് സ്വദേശി രാജനും കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. നാലു പേരാണ് ഒരാഴ്ച്ചയ്ക്കിടെ പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് മരിച്ചത്. ഒരു വയസുള്ള പെൺകുട്ടിയും ഇതിൽ ഉൾപ്പടുന്നു.
അതേസമയം, മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വൈറൽ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പകർച്ചപ്പനിക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

