കംപാല: ഉഗാണ്ടയിലെ സ്കൂളിൽ ഭീകരാക്രമണം. 41 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. രാജ്യത്തെ വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. പടിഞ്ഞാറൻ ഉഗാണ്ടയിലെ സ്കൂളിനുള്ളിലാണ് ആക്രമണം നടന്നത്.
പല കുട്ടികൾക്ക് നേരെയും അക്രമികൾ വെടിയുതിർത്തു. പലരെയും ഭീകരസംഘം തട്ടിക്കൊണ്ടുപോയെന്നും റിപ്പോർട്ടുകളുണ്ട്. സ്കൂളിന് തീയിടുകയും ചെയ്തു. തീപിടുത്തത്തിൽ നിരവധി കുട്ടികൾ വെന്തുമരിച്ചു. രാജ്യത്തെ വിമത സംഘടനയായ അലീഡ് ഡെമോക്രാറ്റിക് ഫോഴ്സസ് ആണ് ആക്രമണം നടത്തിയതെന്നും ഇവർ ഇസ്ലാമിക് സ്റ്റേറ്റുമായി ഒന്നിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നുമാണ് സൂചന.
അക്രമികൾ വിരൂംഗ നാഷണൽ പാർക്ക് വഴിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറ് പേരെയാണ് വിമതർ തട്ടിക്കൊണ്ടുപോയതെന്നും അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയിരിക്കുന്നതും ഉഗാണ്ടൻ സൈന്യം പറഞ്ഞു.

