നിങ്ങളുടെ വാഹനം എഐ ക്യാമറയിൽ പെട്ടിട്ടുണ്ടോ; പരിശോധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ മിഴി തുറന്നിട്ട് ഒരാഴ്ച്ച പിന്നിടുകയാണ്. സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക എൻഫോഴ്‌സ്‌മെന്റ് സംവിധാനം പ്രവർത്തനസജ്ജമായത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷ്യൻ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽഫോൺ ഉപയോഗം, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗം, അപകടകരമായ പാർക്കിംഗ് തുടങ്ങി പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ ജീവഹാനി വരുത്താവുന്ന അപകടങ്ങൾ ഗണ്യമായി കുറയുന്നതിന് മുൻഗണന നൽകുന്ന പദ്ധതിക്കാണ് മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചത്.

നിങ്ങളുടെ വാഹനം എഐ ക്യാമറയിൽ പെട്ടിട്ടുണ്ടോ എന്ന് അറിയണോ. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  • https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ശേഷം ചെക്ക് ഓൺലൈൻ സർവീസസിൽ ‘ഗെറ്റ് ചെലാൻ സ്റ്റാറ്റസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഓപ്പണാകുന്ന വിൻഡോയിൽ 3
    വ്യത്യസ്ത ഓപ്ഷനുകൾ ദൃശ്യമാകും. ചലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ കാണാം. ഇതിൽ എതെങ്കിലും ഒരെണ്ണം സെലക്ട് ചെയ്യാവുന്നതാണ്.
    ഉദാ: വാഹന നമ്പർ ക്ലിക്ക് ചെയ്ത ശേഷം വാഹന രജിസ്‌ഷ്രേൻ നമ്പർ രേഖപ്പെടുത്തുക.
  • ശേഷം താഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുത്താൽ നിങ്ങളുടെ വാഹനത്തിന്റെ ചലാൻ വിവരങ്ങൾ അറിയാൻ സാധിക്കും. ഒപ്പം വാഹനത്തിന് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും.

എം പരിവാഹൻ ആപ്പ് വഴിയും പിഴയുണ്ടോ എന്ന് പരിശോധിക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ

  • എം പരിവാഹൻ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
  • ശേഷം ട്രാൻസ്‌പോർട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • ചെലാൻ റിലേറ്റഡ് സർവിസിൽ പ്രവേശിച്ച് ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം.

എം പരിവാഹനിൽ ആർസി ബുക്കിന്റെ വിവരങ്ങൾ ചേർത്തിട്ടുള്ളവർക്ക് ആർസി നമ്പർ തിരഞ്ഞെടുത്താൽ ചെലാൻ വിവരങ്ങൾ ലഭിക്കും. അല്ലാത്തവർക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പറും ഒപ്പം എൻജിൻ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന 5 അക്കങ്ങൾ നൽകുക. ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഓക്കെ കൊടുത്താൽ പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും.