കണ്ണൂർ: വൈദേകം റിസോർട്ട് വിവാദത്തിൽ തനിക്കെതിരായ പരാതിക്ക് പിന്നിൽ പി ജയരാജനല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് ഒരു പരാതിയും ഉയർന്നില്ല. അങ്ങനെ ഒരു വിഷയം മാധ്യമങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നത്. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് താനല്ലെന്നും ജയരാജൻ വ്യക്തമാക്കി.
പി ജയരാജനുമായുള്ള സൗഹൃദം വളരെ വലുതാണ്. എന്തിനാണ് തങ്ങൾ തമ്മിൽ പരസ്പരം വെറുക്കേണ്ടത്. ജയരാജൻ തന്നെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് തനിക്കറിയാം. എന്നാൽ വിവാദം ഉണ്ടാക്കിയതിന്റെ കേന്ദ്രങ്ങൾ തനിക്കറിയാം. അതിന് പിന്നിൽ താൻ മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് ഭരിക്കാൻ നോക്കിയവരാണ്. വിവാദത്തെ പ്രതിരോധിക്കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
മാധ്യമപ്രവർത്തനത്തിന് നേരെ സംസ്ഥാനത്ത് ഒരു നടപടിയും ഉണ്ടായിട്ടില്ല. പൊലീസിന് കിട്ടിയ പരാതിയിൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്കെതിരെ കേസെടുത്തത് മാത്രമാണ്. ഗൂഢാലോചന പറഞ്ഞിരിക്കുന്നത് ഒരു പരാതിയിലാണ്. ആ പരാതി അന്വേഷിച്ച് അടിസ്ഥാനമില്ലെങ്കിൽ പിന്നെ കേസുണ്ടാവില്ലെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

