ന്യൂഡൽഹി: പ്രാദേശിക തലത്തിൽ കോൺഗ്രസുമായി ഒരു ധാരണയുമുണ്ടാകില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഎമ്മിനെ കൂടെ കൂട്ടിയ കോൺഗ്രസുമായി പ്രാദേശിയക തലത്തിൽ ഒരു ധാരണയുമില്ലെന്ന് മമത ബാനർജി അറിയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന് റാലിയിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
ഇടതുപക്ഷവുമായി കൈകോർത്ത കോൺഗ്രസിന് സംസ്ഥാനത്ത് തന്റെ പിന്തുണ പ്രതീക്ഷിക്കേണ്ട. സിപിഎമ്മിന്റെ അടുത്ത സുഹൃത്താണ് കോൺഗ്രസെന്നും മമത വിമർശിച്ചു. അതേസമയം, ദേശീയതലത്തിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസിന് എല്ലാ പിന്തുണയും നൽകാമെന്ന് മമത അറിയിച്ചിട്ടുണ്ട്. ബിജെപിക്കെതിരായ ഐക്യത്തിന് എല്ലാ പിന്തുണയും മമത നൽകിയിരുന്നു. ജൂൺ 23-ന് പട്നയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മമത ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
ഭരണപരമായ തീരുമാനങ്ങളിൽ ഡൽഹി സർക്കാരിന്റെ അധികാരം തടഞ്ഞ കേന്ദ്ര ഓർഡിനൻസ് നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടിയ കെജ്രിവാളിനും മമത പിന്തുണ നൽകിയിരുന്നു.

