കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. അഗളി പൊലീസാണ് ഹൈക്കോടതിയിൽ വിദ്യക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു.
കെ വിദ്യയെ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് ജൂൺ 20നാണ്. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തൃശൂർ കൊളേജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും സംഘവും കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളേജിൽ പരിശോധന നടത്തിയിരുന്നു.
വിദ്യ അഭിമുഖത്തിന് എത്തിയപ്പോൾ സമർപ്പിച്ച രേഖകൾ സംഘം പരിശോധിച്ചു. വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളിലെ സീലുകൾ, ഒപ്പ് എന്നിവയും പരിശോധിച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പ്രിൻസിപ്പാളിന്റെയും ഇന്റർവ്യൂ ബോർഡിലെ അംഗങ്ങളിൽ നിന്നും സംഘം വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു.

