എഐ ക്യാമറ അഴിമതി; ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തിങ്കളാഴ്ച ഹർജി സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നിയമപരമായ നടപടി പൂർത്തിയാക്കുന്നതിനാലാണ് ഹർജി വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി ഡി സതീശനും രമേശ് ചെന്നിത്തലയും സംയുക്തമായാകും ഹർജി നൽകുന്നത്. കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം (അഴിമതി ക്യാമറ) എന്ന് അദ്ദേഹം വിമർശിച്ചു.

ജനങ്ങളുടെ ജീവന് സുരക്ഷ നൽകുവാൻ വേണ്ടി സർക്കാരുകൾ ഒരുക്കുന്ന ഒരു സുരക്ഷാ കവചമായ ‘ക്യാമറയിൽ’ കമ്മീഷനടിച്ച ഇതുപോലൊരു സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് പാർട്ടി സെക്രട്ടറിമാരും സിപിഎമ്മിലുണ്ട് എന്നാൽ കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുകയുള്ളൂ. 85 കോടി രൂപയിൽ താഴെ തീരേണ്ട പദ്ധതിയാണ് തട്ടിക്കൂട്ട് കമ്പനികളെ ഉപയോഗിച്ച് 232 കോടിയോളം രൂപയ്ക്ക് തീർത്തിരിക്കുന്നത്, അതും സ്വന്തക്കാരുടെ കമ്പനിക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു വരുമാന സ്രോതസാക്കി മറ്റി , കൂടാതെ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പല കടലാസ് കമ്പനികൾക്കും മുഖ്യനോടും കുടുംബത്തോടും അഭേദ്യമായ ബന്ധമുവുമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 7 വർഷമായി വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന കെ പദ്ധതികൾ അടക്കമുള്ള എല്ലാം തന്നെ എങ്ങിനെയതിൽ നിന്നും കമ്മീഷൻ പറ്റാമെന്നുള്ള റിസർച്ചിനു ശേഷമാണ് അവതരിപ്പിക്കുന്നത്. പലതിലും എതിർപ്പുണ്ടെങ്കിലും, എല്ലാത്തിനും തലകുലുക്കി സമ്മതിക്കുകയും, പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ട കൂലി തൊഴിലാളികൾ മാത്രമായി സിപിഎം നേതൃത്വം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.