സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; സർക്കാരുമായി ഇടഞ്ഞ് തമിഴ്നാട് ഗവർണർ

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് പങ്കിട്ട് നൽകിയ മന്ത്രിസഭാ തീരുമാനം അംഗീകരിക്കാൻ തയ്യാറാകാതെ ഗവർണർ ആർ എൻ രവി. കോഴക്കേസിൽ ഇ ഡി നടപടി നേരിട്ട സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബാലാജിയുടെ വകുപ്പ് മന്ത്രിമാരായ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതം വെക്കാനായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ നീക്കം. തങ്കം തേനരാശിന് ഇലക്ട്രിസിറ്റിയും മുത്തുസ്വാമിക്ക് എക്സൈസിന്റേയും അധിക ചുമതല നൽകാനായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തീരുമാനിച്ചത്. ഇതിനുള്ള ശുപാർശ ഗവർണർക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഗവർണറിത് മടക്കി അയച്ചു.

സെന്തിൽ ബാലാജിയുടെ ചികിത്സ കണക്കിലെടുത്താണ് വകുപ്പുകൾ മാറ്റിനൽകുന്നത് എന്ന വിശദീകരണം ഗവർണർ തള്ളുകയും ചെയ്തു. അതേസമയം ഗവർണർക്കെതിരെ വിമർശനവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ഗവർണറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ പത്രക്കുറിപ്പ് പുറത്തിറക്കി. ഗവർണർ ബിജെപി ഏജന്റാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി പൊന്മുടി പ്രതികരിച്ചു.