ന്യൂഡൽഹി: യുപിഐ വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ് നേടി ഇന്ത്യ. മെയ് മാസം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു പി ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്നാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. മെയ് മാസത്തിൽ മാത്രം നടന്നത് 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ്.
14.10 ലക്ഷം കോടി രൂപയുടെ ഇടപാടാണ് മാർച്ച് മാസം നടന്നത്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) കണക്കുകൾ അനുസരിച്ച് മെയിലെ അവസാന പത്ത് ദിവസങ്ങളിൽ ഏകദേശം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയാണ് ഇടപാടാണ് നടന്നത്.
യുപിഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത് 2016 ലാണ്. ഇന്ന് ലക്ഷക്കണക്കിനാളുകളാണ് ദൈനംദിന ജീവിതത്തിൽ യുപിഐ സേവനം ഉപയോഗിക്കുന്നത്.

