കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസ്; വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ ഇടപെടലുമായി ഹൈക്കോടതി. കേസ് ഗൗരവതരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതി എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി വിശാഖിന്റെ അറസ്റ്റ് കോടതി തടയുകയും ചെയ്തു. ഈ മാസം ഇരുപതുവരെയാണ് വിശാഖിന്റെ അറസ്റ്റ് കോടതി തടഞ്ഞത്.

വിശാഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിശദമായ കേസ് ഡയറി സമർപ്പിക്കണമെന്നാണ് സർക്കാരിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച അനഘ എന്ന പെൺകുട്ടിയക്ക് പകരമാണ് വിശാഖിന്റെ പേര് പ്രിൻസിപ്പൽ ജി.ജെ. ഷൈജു സർവകലാശാലയ്ക്ക് കൈമാറിയത്.

വിഷയവുമായി ബന്ധപ്പെട്ട് ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കുകയും വിശാഖിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കോൺഗ്രസ് അനുകൂല അധ്യപക സംഘടനയിൽപ്പെട്ട ഷൈജുവിനെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

കേരള സർവകലാശാല രജിസ്ട്രാറാണ് പോലീസിൽ പരാതി നൽകിയത്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.