ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി ഹൈക്കോടതി. ലിവിംഗ് പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരാണ് ഡിവിഷൻ ബെഞ്ചിൽ ഉണ്ടായിരുന്നത്.

നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാൻ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇവർ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിച്ചു. തുടർന്ന് ഇവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണിച്ചാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവിട്ടത്.