കോഴ വാങ്ങി ജോലി; തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് പരിശോധന

ചെന്നൈ: തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നത്. ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി നടത്തിയ അഴിമതിയെ കുറിച്ച് അന്വേഷണം തുടരണമെന്ന് നേരത്തെ സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്റിനോട് നിർദ്ദേശിച്ചിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സെന്തിൽ ബാലാജിക്കെതിരെ പുതിയ അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തിരുന്നു. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന്റെ ചെന്നൈയിലെയും കരൂരിലെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.

കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള ചിലരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായി എട്ട് ദിവസം പരിശോധന നടത്തിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.