കടലാക്രമണം; പൊഴിയൂരിൽ ആറു വീടുകൾ തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശ മേഖലയിൽ കടലാക്രമണം. പൊഴിയൂരിൽ കടലാക്രമണത്തെ തുടർന്ന് ആറു വീടുകൾ മുഴുവൻ തകർന്നു. നാല് വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

കടൽ പ്രക്ഷുബ്ദ്ധമായി തുടരുകയാണ്. കടലെടുക്കാൻ സാദ്ധ്യതയുള്ള വീടുകളിലെ 37 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായി അധികൃതർ അറിയിച്ചു. ബന്ധുവീടുകളിലും ക്യാംപുകളിലേയ്ക്കുമാണ് ഇവരെ മാറ്റിപാർപ്പിച്ചത്.

നിലവിൽ ഏഴ് കുടുംബങ്ങൾ ക്യാപിൽ കഴിയുന്നുണ്ട്. കൊല്ലംകോട് നിന്നും തമിഴ്‌നാട് നീരോടിലേയ്ക്ക് പോകുന്ന റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം പൂർണമായും കടലെടുത്തു. കടലാക്രമണ സാധ്യതയുള്ള മേഖലകളിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കുമെന്നാണ് വിവരം.

അതേസമയം, കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 14-06-2023 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 68 cm നും 90 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.