തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെയും കേസെടുത്തതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷം. നാലു ദിവസത്തിനിടെ പ്രതിപക്ഷത്തെ രണ്ടു മുതിർന്ന നേതാക്കളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലാണ് നടപടിയ്ക്ക് പിന്നിലെന്നാണ് വിമർശനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. 3 വർഷം മുൻപുള്ള പരാതിയാണ് കേസിന് ആധാരം. പറവൂർ മണ്ഡലത്തിൽ ‘പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന 2020ലെ പരാതിയിലാണ് സതീശനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. സ്വന്തം മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി സതീശൻ ആവിഷ്കരിച്ച ‘പുനർജനി’ പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ പ്രതി ചേർത്താണ് കെ സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് കെ സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സുധാകരന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് അയക്കുകയും ചെയ്തു. മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ സുധാകരനെതിരെ ആരോപണം ഉയർന്നിരുന്നു. മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് പരാതിക്കാർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, നയതന്ത്ര സ്വർണക്കടത്ത്, റോഡ് ക്യാമറ, കെ ഫോൺ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ തുടരെ പ്രതിപക്ഷം അഴിമതി ആരോപണം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ പഴയ ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷത്തെ മുതിർന്ന രണ്ടു നേതാക്കൾക്ക് നേരെയും കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണെന്ന ആക്ഷേപമാണ് കോൺഗ്രസും യുഡിഎഫും ഉന്നയിക്കുന്നത്.

