മണിപ്പൂരിൽ വീണ്ടും ആക്രമണം; 22 കാരനെ അക്രമികൾ വെടിവച്ചു കൊന്നു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആക്രമണം. ചുരാചന്ദ്പൂർ ജില്ലയിൽ കുക്കിവിഭാഗത്തിൽപ്പെട്ട 22 കാരനെ അക്രമികൾ വെടിവച്ചു കൊന്നു. മെയ്തി വിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. ചുരാചന്ദ്പൂരിലെ ലോക്ലക് ഫായി ഗ്രാമത്തിൽ ഒരു സംഘം ആക്രമണം നടത്തിയെന്ന കാര്യം സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അധികൃതർ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.

മണിപ്പൂർ ഗവർണർ അനുസൂയ യു.കെ ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ സന്ദർശനം നടത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ഇതിന് പിന്നാലെയാണ് സംഘർഷവും അക്രമവും ആരംഭിച്ചത്.

അതേസമയം മേഖലയിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചിരിക്കുകയാണ്. കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഗവർണറുടെ അദ്ധ്യക്ഷതയിൽ നേരത്തെ സമാധാന സമിതി ആവിഷ്‌ക്കരിച്ചിരുന്നു. വിവിധ ഗോത്രവിഭാഗങ്ങളുമായി ചർച്ച നടത്തി സമാധാനം പുനഃസ്ഥാപിക്കാനാണ് സമിതിയ്ക്ക് രൂപം നൽകിയത്. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്.