മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളം; എം ബി രാജേഷ്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങൾ നിക്ഷ്പക്ഷരാണെന്ന് പറയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല. വാർത്തകൾ ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങൾ. മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വാർത്തയല്ല എന്ന് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്ത സംഭവം ഓർമപ്പെടുത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമനം ലഭിക്കാൻ വ്യാജരേഖ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് വിദ്യ മുൻ എസ്എഫ്ഐ നേതാവാണെന്ന കാര്യങ്ങൾ മാധ്യമങ്ങൾ നൽകുന്നു. ഈ പ്രചാരണം തെറ്റാണ്. പഠിക്കുന്ന സമയത്ത് പലരും എസ്എഫ്‌ഐയിലും കെഎസ്‌യുവിലുമൊക്കെ പ്രവർത്തിക്കും. പിന്നീട് അവർ എന്തെങ്കിലും തെറ്റുചെയ്താൽ മുൻ എസ്എഫ്‌ഐ. നേതാവ് എന്ന രീതിയിലാണ് പരിഗണിക്കുന്നത്. അതേസമയം മുൻ എസ്എഫ്‌ഐ. നേതാക്കൾക്ക് എന്തെങ്കിലും അംഗീകാരം ലഭിക്കുമ്പോൾ ആ പരിഗണന ചാർത്തിനൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാജരേഖ ഉണ്ടാക്കിയതിലോ അതിൽ പ്രതിയായ ആളെയോ ആരും ന്യായീകരിച്ചിട്ടില്ല. തെറ്റു ചെയ്ത ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ഇത്തരം തെറ്റായ രീതികളെ പ്രോത്സാഹിപ്പിക്കുകയോ കുറ്റക്കാരെ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. കോളേജിൽ പഠിച്ച കാലത്ത് എസ്.എഫ്.ഐ. ആയി എന്നതിന്റെ പേരിൽ തെറ്റുചെയ്ത ആളെ ആരും ന്യായീകരിച്ചിട്ടില്ലെന്നും തള്ളിപ്പറയുകയാണ് ചെയ്തതെന്നും രാജേഷ് കൂട്ടിച്ചേർത്തു.