ന്യൂഡൽഹി: കേന്ദ്രസർക്കാർ റെയിൽവേയെ അവഗണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി ലോക്‌സഭാംഗങ്ങൾ. എംപിമാരായ ഡി.വി സദാനന്ദ ഗൗഡ, എസ് മുനിസ്വാമി, തേജസ്വി സൂര്യ, പി.സി മോഹൻ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 9 വർഷത്തിനിടെ റെയിൽവേയിൽ 4.58 ലക്ഷം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും എംപിമാർ വ്യക്തമാക്കി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് എംപിമാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
നിലവിൽ റെയിൽവേയിൽ 1.52 ലക്ഷം ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുകയാണ്. 10 വർഷത്തിനുള്ളിൽ, തങ്ങൾ 6.1 ലക്ഷത്തിലധികം പേരെ നിയമിക്കും. യുപിഎയുടെ 10 വർഷത്തെ കാലത്ത് നിയമിച്ച 4.11 ലക്ഷത്തേക്കാൾ 50 ശതമാനം കൂടുതലായിരിക്കും ഇതെന്ന് കത്തിൽ പറയുന്നു. ബാലസോർ ട്രെയിൻ അപകടത്തെത്തുടർന്ന് റെയിൽവേയുമായി ബന്ധപ്പെട്ട എൻഡിഎ സർക്കാരിന്റെ നയങ്ങളെ മല്ലികാർജുൻ ഖാർഗെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് എംപിമാർ ഖാർഗെയ്ക്ക് കത്തയച്ചത്.
ഒരു മുൻ റെയിൽവേ മന്ത്രി എന്ന നിലയിൽ, നിങ്ങളുടെ വിവേചനബുദ്ധി ഉപയോഗിച്ച് സ്ഥിതിഗതികളെക്കുറിച്ച് മനസിലാക്കുമെന്ന് പ്രീതിക്ഷിച്ചു. എന്നാൽ നിങ്ങളുടെ സമീപകാല ഇടപെടൽ മറിച്ചാണ് സൂചിപ്പിക്കുന്നതെന്ന് എംപിമാർ കത്തിൽ കുറ്റപ്പെടുത്തി. 2023 ഫെബ്രുവരിയിൽ കർണാടകയിലെ ഹൊസ്ദുർഗിന് സമീപം രണ്ട് ട്രെയിനുകൾ ഒരേ ലൈനിൽ വന്നപ്പോൾ തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. സംഭവം റെയിൽവേ വിശദമായി അന്വേഷിച്ചു. ഉത്തരവാദികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾ കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് റെയിൽവേയിലെ എല്ലാ ഉദ്യോഗസ്ഥർക്കും വേണ്ട നിർദേശങ്ങൾ നൽകിയതായും എംപിമാർ വ്യക്തമാക്കി.

