ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഖോക്കൻ ഗ്രാമത്തിലാണ് സംഘർഷം ഉണ്ടായത്. ഒരു സ്ത്രീ അടക്കം മൂന്നു പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കും. ആറ് കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. നേരത്തെ സംസ്ഥാന സർക്കാർ കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
98 മരണങ്ങളാണ് മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്.

