പ്രവാസികളുടെ വിരമിക്കല്‍ ഫണ്ട് നാട്ടിലേക്ക് കൊണ്ടുവരാനുള്ള തടസ്സം നീക്കാന്‍ ശ്രമവുമായി കേന്ദ്രം

വിദേശത്ത് ദീര്‍ഘകാലം ജോലി ചെയ്ത ശേഷം പ്രവാസികള്‍ വിരമിക്കുമ്പോള്‍ ലഭിച്ച സമ്പാദ്യം തിരിച്ച് കൊണ്ടുവരാനാകില്ലെന്ന നിയമം നീക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ജി20 പ്രതിനിധികള്‍ പങ്കെടുത്ത പല യോഗങ്ങളിലും, വിരമിക്കല്‍ഫണ്ട് നാട്ടിലേക്ക് കൊണ്ടുവരാനുള്ള തടസ്സം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കം. പട്‌നയില്‍ ജൂണ്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന എല്‍-20-യുടെ സമാപനസമ്മേളനത്തില്‍ തടസ്സം നീക്കാനുള്ള വ്യവസ്ഥകളുള്‍പ്പെടുത്തിയുള്ള കരട് അവതരിപ്പിക്കുമെന്നാണ് വിവരം. റഷ്യയും ചൈനയും അടക്കമുള്ള ഏതാനും രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന പാനലാണ് കരട് തയ്യാറാക്കുന്നത്. ഇന്ദോറില്‍ ജൂലായ് ആദ്യം നടക്കുന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും തൊഴിലുടമ പ്രതിനിധികളുടെയും (ബി-20) സംയുക്തയോഗത്തിലും ഈ വിഷയം ചര്‍ച്ചചെയ്യും.

അതേസമയം, രാജ്യത്തെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളായ യുഎഇ, യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് തടസ്സങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗ രാജ്യങ്ങളിലേക്ക് ഈ ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടുമെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഓസ്ട്രേലിയയിലും കാനഡയിലും നിശ്ചിത വര്‍ഷം ജോലി ചെയ്താല്‍ മാത്രമേ ആ പണം സ്വന്തം നാടുകളിലേക്ക് അയക്കാന്‍ കഴിയൂ. എന്നാല്‍ ഈ തടസ്സങ്ങള്‍ നീക്കുന്നതിന് പല രാജ്യങ്ങള്‍ തമ്മില്‍ കരാറുണ്ട്. ഇത്തരത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറല്ലാതെ ജി20 അംഗ രാജ്യങ്ങള്‍ പൊതുവായി ഒരു കരാറിലെത്തണമെന്നാണ് എല്‍20 യിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ ആവശ്യം.

വിഷയത്തില്‍ ജൂലായില്‍ നടക്കുന്ന ബി-20 (തൊഴിലുടമ പ്രതിനിനിധികളുടെ യോഗം) യുമായി ചര്‍ച്ചകള്‍ നടത്തുമെന്നും, ഇതിന് ശേഷമായിരിക്കും ജി20 തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയാകുകയെന്നും എല്‍-20-യുടെ സംഘാടകസമിതിയംഗം സജി നാരായണന്‍ അറിയിച്ചു. തുടര്‍ന്നാണ് ‘വിരമിക്കല്‍ ആനുകൂല്യ കൈമാറ്റം’ രാഷ്ട്രത്തലവന്‍മാരുടെ യോഗങ്ങളിലേക്കും കരാറിലേക്കും എത്തിച്ചേരുക. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സികോ, കൊറിയ, റഷ്യ, സൗദി അറേബ്യ, ദക്ഷിണ ആഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20യിലെ അംഗങ്ങള്‍.