പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാൽ ഇനി പിഴയൊടുക്കേണ്ടി വരും; പുതിയ തീരുമാനവുമായി തൃശൂർ കോർപ്പറേഷൻ

തൃശൂർ: തൃശൂർ കോർപ്പറേഷൻ പരിധിയിൽ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാൽ ഇനി പിഴയൊടുക്കേണ്ടി വരും. 500 രൂപയായിരിക്കും പിഴ നൽകേണ്ടി വരിക. കോർപ്പറേഷനെ സീറോ വേസ്റ്റിലേക്കുയർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മേയർ എം കെ. വർഗീസ് വ്യക്തമാക്കി.

പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നവരെ പിടികൂടി പിഴ ഈടാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്‌ക്വാഡും രൂപീകരിക്കുകയും ചെയ്തു. അതേസമയം, പുതിയ തീരുമാനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വരാജ് റൗണ്ട് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ടോയ്‌ലറ്റ് സംവിധാനമൊരുക്കാതെ മൂത്രപ്പിഴ ചുമത്തുന്ന മേയറുടെ നടപടി പരിഹാസ്യമെന്നാണ് പ്രതിപക്ഷം വിമർശിച്ചു.

ശക്തൻ, വടക്കേ സ്റ്റാന്റ് കെഎസ്ആർടിസി, കോർപ്പറേഷൻ പരിസരങ്ങളിൽ മാത്രമാണ് ടോയ്‌ലറ്റ് സംവിധാനമുള്ളത്. സ്വരാജ് റൗണ്ടിലെത്തുന്നവർക്ക് മൂത്രമൊഴിക്കുന്നതിനുള്ള സൗകര്യമില്ല. ശുചിമുറികളൊരുക്കാതെ പിഴയീടാക്കാനുള്ള തീരുമാനത്തിനെതിരെ വിമർശനം ശക്തമാകുമ്പോഴും നടപടിയുമായി മുന്നോട്ടു പോകാനാണ് കോർപ്പറേഷന്റെ നീക്കം.