കേരളം ഇന്ത്യയിലല്ല എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനം; വിമര്‍ശനവുമായി ആരോഗ്യമന്ത്രി

രാജ്യത്ത് പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രംഗത്ത്.

‘വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയതായി 50 മെഡിക്കല്‍ കോളേജുകളും 125 നഴ്‌സിംഗ് കോളജുകളും അനുവദിച്ചെങ്കിലും കേരളത്തിന് ഒന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങള്‍ക്ക് 50 മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം അനുവദിച്ചതില്‍ കേരളത്തിന് ഒരെണ്ണം പോലുമില്ല. ഇതിനുമുമ്പ് 125 നഴ്‌സിങ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നും അനുവദിച്ചില്ല. കേരളം ഇന്ത്യയിലല്ല എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനം. ഗോത്രവര്‍ഗ മേഖലയിലുള്ള വയനാട് ആശുപത്രിയുടെ പ്രാധാന്യം കേന്ദ്രത്തിനെ അറിയിച്ചിരുന്നു. വയനാട് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കും’- മന്ത്രി വ്യക്തമാക്കി.