ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വെളിപ്പെടുത്തലുമായി ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവും അന്താരാഷ്ട്ര റഫറിയുമായ ജഗ്ബിർ സിങ്. പ്രായപൂർത്തിയാവാത്ത താരത്തോട് ബ്രിജ് ഭൂഷൺ മോശമായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കേസിലെ 125 സാക്ഷികളിൽ ഒരാളാണ് ജഗ്ബിർ സിങ്. ഒരു ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ മൊഴി വെളിപ്പെടുത്തിയത്.
പെൺകുട്ടിക്കടുത്ത് ബ്രിജ് ഭൂഷൺ നിൽക്കുന്നത് താൻ കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടി എന്തോ പിറുപിറുത്ത് അയാളെ തള്ളിമാറ്റുകയും അവിടെനിന്ന് മാറുകയും ചെയ്തു. പ്രസിഡന്റിന് തൊട്ടടുത്തായിരുന്നു പെൺകുട്ടി നിന്നിരുന്നത്. അവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് താൻ കണ്ടിരുന്നു. പെൺകുട്ടിക്ക് മോശമായതെന്തോ സംഭവിച്ചിരുന്നു. അവൾ അസ്വസ്ഥയായിരുന്നു. അയാൾ എന്താണ് ചെയ്തതെന്ന് താൻ കണ്ടില്ല, എന്നാൽ പെൺകുട്ടിയെ അയാൾ സ്പർശിച്ചുകൊണ്ടിരിക്കുന്നതും അടുത്ത് വന്ന് നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ഞാൻ കണ്ടുവെന്നും പരാതിക്കാരിയുടെ പെരുമാറ്റത്തിൽനിന്ന് അവർക്ക് എന്തോ മോശമായി സംഭവിച്ചുവെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നും ജഗ്ബിർ സിങ്ങ് ചൂണ്ടിക്കാട്ടി.
അതേസമയം, പരാതി വ്യാജമാണെന്ന വെളിപ്പെടുത്തലുമായി പോക്സോ കേസിലെ പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. മത്സരത്തിൽ തോൽപ്പിച്ചതിനുള്ള പ്രതികാരമായാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു ഇയാൾ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്.

