ആറുവയസുകാരി നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയത് കരുതിക്കൂട്ടി; നിർണായക കണ്ടെത്തലുമായി പോലീസ്

ആലപ്പുഴ: മാവേലിക്കരയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. പുതുതായി പണിയിച്ച മഴു ഉപയോഗിച്ചാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

മാവേലിക്കരയിലുള്ള ഒരു കൊല്ലന്റെ ആലയിലാണ് മഴു നിർമ്മിച്ചതെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച്ച രാത്രിയാണ് ഈ ദാരുണ സംഭവം നടന്നത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര എന്ന ആറുവയസുകാരിയെയാണ് അച്ഛൻ ശ്രീമഹേഷ് മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മഹേഷിന്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റു. ഇവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. കുട്ടിയോട് കിടക്കാൻ പറഞ്ഞ ശേഷം കഴുത്തിൽ ശ്രീ മഹേഷ് ആഞ്ഞു വെട്ടുകയായിരുന്നുവെന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ തലേ ദിവസം മനശാസ്ത്ര കൗൺസിലിംഗിന് പോയത് പൊലീസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്. മഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.