‘ഇത് ഒട്ടും നല്ലതിനല്ല’; കാനഡയ്ക്ക് താക്കീതുമായി ഇന്ത്യ

ഒട്ടാവ: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും അവരെ വധിച്ച സ്വന്തം അംഗരക്ഷകരുടെയും ഫ്‌ലോട്ടുകള്‍ ഉള്‍പ്പെടുത്തി ജൂണ്‍ നാലിന് കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ നടന്ന പരേഡിന്റെ വിഡിയോ കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് കാനഡയ്ക്ക് ഒട്ടും നല്ലതിനല്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെത്തന്നെ ഇതു ബാധിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മുന്നറിയിപ്പു നല്‍കി.

‘സത്യത്തില്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയല്ലാതെ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇത്രയ്ക്ക് സ്വാതന്ത്ര്യവും അവസരവും നല്‍കുന്നതിനു പിന്നില്‍ മറ്റെന്തോ വിഷയമുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്തായാലും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ല. കാനഡയ്ക്കും ഒട്ടും നല്ലതിനല്ല’ – ജയശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. 1984 ജൂണ്‍ ഒന്നിന് ആരംഭിച്ച ഓപ്പറേഷന്‍ ജൂണ്‍ ആറിനാണ് അവസാനിച്ചത്. ഇതിന്റെ പ്രതികാരമായാണ് ഇന്ദിര ഗാന്ധിയെ വധിച്ചതെന്നാണ് പരേഡിലെ ഫ്‌ലോട്ട് നല്‍കുന്ന സൂചന. എന്നാല്‍, ഇന്ത്യയിലെ കാനഡ സ്ഥാനപതി കാമറോണ്‍ മക്കേ, പരേഡിനെ തള്ളിപ്പറഞ്ഞും വിമര്‍ശിച്ചും രംഗത്തെത്തി. വിദ്വേഷത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡയില്‍ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.