തിരുവനന്തപുരം: സംവിധായകൻ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽമുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് ഫെഫ്ക രംഗത്ത്. തിങ്കളാഴ്ച രാത്രിയാണ് നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്സൈസ് ഇന്റലിജൻസ് വിംഗിന്റെ റെയ്ഡ് നടന്നത്. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സംവിധായകനെതിരെ വിവരം കൊടുത്തവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
ഒരു വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ നജീമിന്റെയും സംഘത്തിന്റെയും മുറിയിലേക്ക് എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തുകയായിരുന്നുവെന്ന് ഫെഫ്ക പറഞ്ഞു. സാമാന്യ മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥരുടേതെന്നും ഫെഫ്ക ആരോപിച്ചു. കയറിയ പാടെ സാധനമെടുക്കെടാ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന റെയ്ഡാണ് നജീം കോയയുടെ മുറിയിൽ നടന്നത്. എല്ലാ സാധനങ്ങളും വലിച്ചിട്ടു. കർട്ടൻ പോലും അഴിച്ചിട്ടു. ഇവർ നിരന്തരം ആരെയോ വിളിച്ച് ‘സാധനം കിട്ടിയിട്ടില്ല’ എന്ന് പറയുന്നുണ്ടായിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ഇടയ്ക്ക് ഒരു ഉദ്യോഗസ്ഥൻ നജീമിനോട് ‘നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ’ എന്ന് ചോദിച്ചിരുന്നു. പ്രൊഡക്ഷന്റെ ഭാഗമായി സംവിധായകന് നൽകിയ കാറ് മുഴുവൻ പരിശോധിച്ചു. റെയ്ഡിന് ശേഷം ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ് ഒരു പേപ്പർ ഒപ്പിടാൻ പറഞ്ഞു. ഒന്നും കിട്ടിയിട്ടില്ല, എന്ന് എഴുതി തന്നാൽ ഒപ്പിടാം എന്ന് നജീം ഇതിന് മറുപടി നൽകി. ഈ സംഭവം നജീമിന് കനത്ത മാനസികാഘാതമാണ് സൃഷ്ടിച്ചത്. നിയമപരമായ പരിശോധനകൾക്ക് തങ്ങൾ എതിരല്ല എന്നാൽ ഒരാളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ നടപടി സംശയകരമാണെന്നും ഉണ്ണികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതൊരു ഗൂഢാലോചനയാണ്. ഇതിന് പിറകിൽ ആരോ ഉണ്ട്. അവരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

