സമരം താൽകാലികമായി നിർത്തി ഗുസ്തി താരങ്ങൾ; ലൈംഗിക പീഡന പരാതികളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകി

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം നടത്തി ഈ മാസം 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് ഉറപ്പു നൽകി കേന്ദ്ര സർക്കാർ. ഈ സാഹചര്യത്തിൽ താരങ്ങൾ സമരം താൽകാലികമായി നിർത്തി.

താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കുമെന്നും കേന്ദ്രം ഉറപ്പു നൽകി. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ബ്രിജ് ഭൂഷണിനെതിരെയുള്ള സമരം നയിക്കുന്ന ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. പുതിയ അഞ്ച് നിബന്ധനകൾ മന്ത്രിയ്ക്ക് മുന്നിൽ ഗുസ്തി താരങ്ങൾ മുന്നോട്ടുവെച്ചു.

ഗുസ്തി ഫെഡറേഷനിലേയ്ക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പ്രാധാന ആവശ്യം. ഒരു വനിതയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തേയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുത്. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണമെന്നും ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.