ഇന്ത്യയുടേതല്ല, ചൈനയുടേത്; കെ- ഫോണ്‍ ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ചെന്ന് എജി കണ്ടെത്തല്‍

തിരുവനന്തപുരം: കെ ഫോണില്‍ മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ചെന്ന് എജി. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചത്. കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കെഎസ്‌ഐടിഎല്‍ നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തി. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജൂണ്‍ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ഫോണ്‍ കേരളത്തിന് സമര്‍പ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

സംസ്ഥാന സര്‍ക്കാരിന്റെ വരുമാന മാര്‍ഗം കൂടിയാണ് കെഫോണ്‍ പദ്ധതി. മറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എത്തിപ്പെടാത്ത ഇടങ്ങളില്‍ വരെ വിപുലമായ നെറ്റ് വര്‍ക്ക്. അത് വഴി സമൂഹത്തിന്റെ സമഗ്ര മേഖലകളും ഇന്റര്‍നെറ്റ് വലയത്തില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൗജന്യ കണക്ഷന്‍. മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം. വാണിജ്യ കണക്ഷനുകള്‍ നല്‍കി വരുമാനം കണ്ടെത്തുന്നതിന് പുറമെ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് കേബിളുകളും പാട്ടത്തിന് നല്‍കും.