സോളാര്‍ കേസ്: സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണ് കമ്മീഷന്‍ അന്വേഷിച്ചതെന്ന് മുന്‍ ഡിജിപി

തിരുവനന്തപുരം: സോളാര്‍ കേസില്‍ സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിച്ചതെന്നും സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷണ സംഘ തലവന്‍ എ ഹേമചന്ദ്രന്‍. ‘നീതി എവിടെ’ എന്ന പേരില്‍ ഡിസി ബുക്‌സ് ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് വെളിപ്പെടുത്തല്‍.

‘സോളാര്‍ കേസില്‍ അന്വേഷണ സംഘത്തെ നയിച്ചത് ഡിജിപിയായിരുന്ന എ ഹേമചന്ദ്രനാണ്. ജസ്റ്റിസ് ശിവരാജന്‍ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള തമാശകള്‍ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. സദാചാര പൊലീസിനെ പോലെ പെരുമാറി. തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷന്‍ തെളിവിനായി ആശ്രയിച്ചത്. കമ്മീഷന്റെ മാനസികാവസ്ഥ പ്രതികള്‍ നന്നായി മുതലെടുത്തിരുന്നെന്നു’- അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

അതേസമയം, ‘ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മന്‍ചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ല. അറസ്റ്റിന്റെ പേരില്‍ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തില്‍ നിന്നും പിന്മാറാമെന്ന് അറിയിച്ചപ്പോള്‍ വിലക്കിയത് തിരുവഞ്ചൂര്‍ ആയിരുന്നു. എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയില്‍ പൊലീസിന് അടിതെറ്റി. നിരീക്ഷക സമിതി അംഗമെന്ന നിലയില്‍ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു’- അദ്ദേഹം വ്യക്തമാക്കുന്നു.