അഭിമാന നേട്ടം; ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനം നേടി കേരളം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനത്തെത്തി കേരളം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൂചിക പ്രകാരം ദേശീയ പുരസ്‌കാരത്തിന് കേരളം അർഹമായി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൺസുഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഭക്ഷ്യ സുരക്ഷയിൽ കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

2022-23 കാലയളവിൽ നേടിയത് മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ്. ഈ കാലത്ത് 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനമാണ് നേടിയത്. 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. 15.41 കോടി രൂപയായിരുന്നു അന്നത്തെ വരുമാനം. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം വളർച്ച ഇത്തവണ കൈവരിച്ചുവെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.