പേവിഷബാധയ്ക്കുള്ള സൗജന്യ വാക്‌സിന്‍ ഇനി ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം

പേവിഷബാധയ്ക്കുള്ള സൗജന്യ വാക്‌സിന്‍ നിര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കില്ല. കൂടാതെ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്‌സിന്‍ സൗജന്യമായി നല്‍കുക. ചികിത്സ തേടിയതില്‍ കൂടുതലും സമ്പന്നരെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതിനിടെ, കണ്ണൂര്‍ പാനൂരില്‍ ഒന്നര വയസുകാരന് തെരുവുനായയുടെ കടിയേറ്റ് മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനാല്‍ കുട്ടിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയില്‍ നസീര്‍ – മുര്‍ഷിദ ദമ്പതികളുടെ മകന്‍ ഒന്നര വയസുകാരന്‍ ഐസിന്‍ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്. വീട്ടില്‍ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്‌ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായി. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.