കണ്ണൂർ: കോൺഗ്രസ് ബ്ലോക്ക് പുന:സംഘടനയിൽ അതൃപ്തി രേഖപ്പെടുത്തി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പുന:സംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന് പരാതിയുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. അക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകേണ്ട സമയമാണിത്. വയനാട് ചേർന്ന ക്യാമ്പിൽ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കെപിസിസി പുന:സംഘടനയിൽ അതൃപ്തി രേഖപ്പെടുത്തി മുതിർന്ന നേതാവ് എം എം ഹസനും രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന് ഹസൻ പരാതി അയച്ചു. നേതാക്കൾക്കിടയിൽ വ്യാപകമായ പരാതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടനയിൽ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിർദേശം നടപ്പായില്ലെന്നായിരുന്നു ബെന്നി ബഹനാൻ വ്യക്തമാക്കിയത്. വാട്സ് ആപ്പിലൂടെ അർദ്ധ രാത്രി നടത്തിയ പുനസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുന:സംഘടനാ നടപടികളുമായി നിസ്സഹകരിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിനായി ഡിസിസി യോഗങ്ങൾ ഉൾപ്പെടെ ബഹിഷ്‌ക്കരിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് എം കെ രാഘവൻ വ്യക്തമാക്കി.

