ഒഡീഷ ട്രെയിന്‍ അപകടം: ബാലസോറില്‍ ഗതാഗതം പുനസ്ഥാപിച്ച് റെയില്‍വേ

ബാലസോര്‍: ട്രെയിന്‍ അപകടത്തിനു ശേഷം ബാലസോറില്‍ ഗതാഗതം പുനസ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ. അന്‍പത് മണിക്കൂറിലേറെ നീണ്ടുനിന്ന അറ്റകുറ്റണികള്‍ക്ക് ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ‘അന്‍പത്തിയൊന്ന് മണിക്കൂറുകള്‍ക്കകം ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ട്രെയിനിന്റെ മൂവ്മെന്റ് സാധാരണഗതിയിലാണ്’-റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതേസമയം ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ ബോര്‍ഡ് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ലോക്കോ പൈലറ്റിന്റെ പിഴവോ, സിഗ്‌നലിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാറോ അല്ല അപകടകാരണമെന്ന് റെയില്‍വേ നേരത്തെ വ്യക്തമാക്കിയിരുന്നു. കോറമണ്ഡല്‍ എക്സ്പ്രസിന് മെയിന്‍ ലൈനിലൂടെ പോകാന്‍ ആദ്യം നല്‍കിയ ഗ്രീന്‍ സിഗ്‌നല്‍ പിന്നീട് പിന്‍വലിച്ചതായും തുടര്‍ന്നാണ് 128 കിലോമീറ്റര്‍ വേഗതയില്‍ വന്ന ട്രെയിന്‍ ലൂപ്പ് ലൈനിലേക്ക് തിരിഞ്ഞ് ഗുഡ്‌സില്‍ ഇടിച്ചതെന്നും റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മൂന്ന് ട്രെയിനുകളാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒഡീഷയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 275 പേര്‍ മരിക്കുകയും, 1,100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ 260ലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. തൊള്ളായിരത്തോളം പേര്‍ ആശുപത്രി വിട്ടു. റെയില്‍വേ മന്ത്രിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ളവര്‍ സ്ഥലത്തെത്തി, സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.