ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലായി പുതിയ മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷനുമായി മെറ്റ. ബാഴ്സലോണ, പ്രൊജക്ട് 92 എന്നീ രഹസ്യനാമങ്ങളില്‍ അറിയപ്പെടുന്ന ആപ്ലിക്കേഷന്‍ ഈ മാസം അവസാനത്തില്‍ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ട്വിറ്ററിനു സമാനമായ ഫീച്ചറുകളാണ് മെറ്റയുടെ ആപ്പിലുമുള്ളതെന്നാണ് ടെക് വാര്‍ത്താ പോര്‍ട്ടലായ ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ ആപ്പിന്റെ ഐക്കണ്‍ എന്ന പേരില്‍ ഒരു ലോഗോയും പുറത്തുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിനു സമാനമായ കളര്‍കോഡാണ് ഇതിനുമുള്ളത്. ഒരു പോസ്റ്റില്‍ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരിധി 500 ആകും. വാര്‍ത്താ ലിങ്കുകള്‍ക്കു പുറമെ വിഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാന്‍ സാധിക്കും.
മെറ്റയുടെ ‘ട്വിറ്റര്‍’ വേര്‍ഷന്‍ എന്ന രീതിയിലാണ് പുതിയ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തപ്പെടുന്നത്. ഫേസ്ബുക്കിനു സമാനമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി കണക്ടറായിരിക്കും ഇതും. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാകും ആപ്പെന്നും പുറത്തുവരുന്ന ഫീച്ചറുകളില്‍ പറയുന്നു. എന്നാല്‍, ഏറെക്കുറെ മെറ്റയുടെ മറ്റ് ആപ്പുകള്‍ക്കു സമാനമായ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയായിരിക്കും ഇതിനും ഉണ്ടായിരിക്കുകയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

