ബാലസോർ: ഒഡീഷ ട്രെയിൻ അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട സ്ഥലം സന്ദർശിച്ച് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കർശനമായി ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെങ്കിലും സർക്കാർ അവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ പക്കലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാൻ ശ്രമിച്ച ഒഡിഷ സർക്കാരിനും എല്ലാ ഉദ്യോഗസ്ഥർക്കും മറ്റു രക്ഷാപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനം നടത്തിയ എൻഡിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു

