ജൂൺ ഒമ്പതിനകം ബ്രിജ്ഭൂഷൺ ശരൺസിംഗിനെ അറസ്റ്റ് ചെയ്യണം; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കർഷക സംഘടന

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷക സംഘടന. ജൂൺ ഒമ്പതിനകം ബ്രിജ്ഭൂഷൺ ശരൺസിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാരിന് കർഷക സംഘാടനാ നേതാക്കൾ അന്ത്യശാസനം നൽകി. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജന്തർമന്തറിൽ ഗുസ്തി താരങ്ങൾക്കൊപ്പം അണിനിരക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷക നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന ഖാപ് പഞ്ചായത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം നടന്നത്.

ബ്രിജ് ഭൂഷണിന്റെ അറസ്റ്റിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും അത് നടപ്പായില്ലെങ്കിൽ ജൂൺ ഒമ്പതിന് തങ്ങൾ ജന്തർമന്തറിലേക്ക് പോകുമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജ്യവ്യാപകമായി പഞ്ചായത്തുകൾ നടത്തും. ഗുസ്തി താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

പ്രതിനിധികൾ വഴി വിഷയം നേരിട്ട് കേന്ദ്രസർക്കാരിനെ അറിയിക്കാനും യോഗത്തിൽ തീരുമാനിച്ചു. രാഷ്ട്രപതിയെ കാണുന്നതിന് പത്തംഗസമിതി രൂപീകരിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്.