മലപ്പുറം: മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന്റെ അനുഭവത്തിൽ നിന്നുള്ളതാണ് രാഹുലിന്റെ പരാമർശമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ലീഗാണ് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത്. മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള ലീഗ് പ്രവർത്തനത്തെ എതിരാളികൾ പോലും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കൻ സന്ദർശനത്തിനിടെ ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തിൽ ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് രാഹുൽ മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന് വ്യക്തമാക്കിയത്.

