ഒഡിഷ ട്രെയിന്‍ ദുരന്തം: അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്ക് ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിന്‍

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്ക് ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771. നിലവില്‍ പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല.

അതേസമയം, ദുരന്തത്തില്‍ മരണം 280 ലെത്തി. ആയിരത്തിലേറെ ആളുകള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കോച്ചിനകത്ത് ഇനിയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.

അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ‘അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും രക്ഷാപ്രവര്‍ത്തനത്തിലാണ്. ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുന:സ്ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോള്‍ ഉചിതമാകില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’- കേന്ദ്രമന്ത്രി വ്യക്തമാക്കി.