എം.ജി സര്‍വകലാശാല വിസി പദവിയിലേക്ക് ഗവര്‍ണര്‍ക്ക് പുതിയ പട്ടിക നല്‍കി സര്‍ക്കാര്‍; ഡോ. സാബു തോമസിന്റെ പേര് ഇല്ല

തിരുവനന്തപുരം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് പുതിയ പട്ടിക നല്‍കി. വി സി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കിയാണ് പട്ടിക നല്‍കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. വിരമിച്ച വി സി സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു.

‘സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക നല്‍കിയിട്ടുണ്ട്. അതില്‍ നിന്ന് ഉടന്‍ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗവര്‍ണര്‍ക്ക് നിയമസഭ പാസാക്കിയ ബില്‍ അയച്ചു നല്‍കിയിട്ടുണ്ട്. അത് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിസ്സഹായരാണ്. മലയാളം സര്‍വകലാശാല വി സി നിയമനത്തിനും പുതിയ പട്ടിക നല്‍കി’- മന്ത്രി ബിന്ദു വ്യക്തമാക്കി.

അതേസമയം, എം.ജി സര്‍വകലാശാലയില്‍ വി.സിയില്ലാത്തതിനാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതടക്കം പ്രതിസന്ധിയിലായി. പകരം ചുമതല ആര്‍ക്കുമില്ലാത്തതിനാല്‍ വാഴ്‌സിറ്റിയുടെ ഭരണവും നിലച്ച മട്ടിലാണ്. 31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി. മലയാളം യൂണിവേഴ്‌സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാല്‍ അവിടെയും വി.സിയില്ല. നിലവില്‍ 9 വാഴ്‌സിറ്റികളില്‍ സ്ഥിരം വി.സിമാരില്ലാത്ത സ്ഥിതിയാണ്.