തിരുവനന്തപുരം: ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും നിര്‍ത്തി വെച്ചു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന്‍ വരുത്തുന്നതിനിടെയാണ് ഇ പോസ് തകരാറിലായത്.
അതേസമയം, കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ റേഷന്‍ ബില്ലില്‍ അപ്ഡേഷന്‍ വരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മെഷീന്‍ വീണ്ടും തകരാറിലായത്.
വ്യാഴാഴ്ച മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണം സ്തംഭിച്ചിരുന്നു. ഇന്ന് രാവിലെ പത്തോടെയാണ് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടത്. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രി ജി.ആര്‍. അനില്‍ റേഷന്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. പ്രശ്നം പരിഹരിച്ച ശേഷം ശനിയാഴ്ച മുതല്‍ റേഷന്‍ വിതരണം സാധാരണനിലയിലാകുമെന്നും മന്ത്രി അറിയിച്ചു.

